Monday 14 August 2017

Oxygen(poem)

ഓക്സിജൻ

എഴുപതാം സ്വാതന്ത്ര്യ ദിനാരവങ്ങൾക്കപ്പുറം-

എഴുപത് കുരുന്നുകളാർത്തു വിളിക്കുന്നൂ…!

കുഞ്ഞുങ്ങളെ,

നിങ്ങളുടെ ജീവശ്വാസത്തിനായുള്ള തേട്ടം -

ഞങ്ങളുടെ കണ്ണുകൾ കടമെടുക്കുന്നൂ!

നിങ്ങളുടെ ഉറ്റവരുയിർക്കും തേങ്ങലുകളിൽ…

ചെങ്കോട്ടയിലെ വാദ്യങ്ങൾ മുങ്ങുന്നൂ.

സ്വാതന്ത്ര്യത്തിൻ പുലരിയെ -

നൊമ്പരക്കോടകൾ മായ്ക്കുന്നു…!

കഞ്ഞുങ്ങളെ,

ഒരു നുള്ളു ശ്വാസത്തിനായ് നിങ്ങൾ കേഴുമ്പോൾ….

യോഗാലയങ്ങളുടെ നാഡികളിൽ -

ജീവവായു നിറയുന്നൂ!

ഗോശാലകളിൽ ഓക്സിജൻ വിസ്ഫോടനം !!

മസ്തിഷ്കജ്വരം പത്തിവിടർത്തുന്നൂ !!!

കുഞ്ഞുങ്ങളെ, മാപ്പ്!

നിങ്ങളുടെ മലക്കം മറിഞ്ഞ കണ്ണുകൾ,

ചേതനയറ്റയുടലുകൾ….

തേങ്ങലടങ്ങാത്ത രോദനങ്ങൾ..

ചെങ്കോട്ടയിൽ അധികാരം കഴലൂതുമ്പോൾ..

പാരതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നൂ…!

കുഞ്ഞുങ്ങളെ, മാപ്പ്!

മാപ്പുസാക്ഷികളോട് മാപ്പ്! മാപ്പ്!!

ഫാറൂഖ്- ഇ- മുഹമ്മദ്

14/8/2017

Thursday 14 August 2014

എല്ലാവർക്കും  നന്മ  നേരുന്നു .....